Wednesday, May 6, 2009
State Level Trekking Camp 2006
ആദിവാസികളെക്കുറിച്ച് പഠിക്കുക, അതോടൊപ്പം മനോഹരമായ മലമ്പ്രദേശങ്ങള്‍ കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള സാഹസിക സാംസ്‌കാരിക സംഘം ഈയിടെ ഒരു വനയാത്ര സംഘടിപ്പിച്ചത്. സംഘത്തിന്റെ സാഹസിക പര്യടനം അട്ടപ്പാടി മലനിരകളിലൂടെ ആയിരുന്നു. ആദിവാസികള്‍ സംസ്‌കാരത്തിന്റെ പൈതൃകസമ്പത്ത് എന്ന പ്രമേയവുമായി പുറപ്പെട്ട സംഘത്തില്‍ ഞാനുള്‍പ്പെടെ ഇരുപതുപേരാണുണ്ടായിരുന്നത്. യാത്ര, അട്ടപ്പാടിയിലെ മുക്കാലിയില്‍ നിന്നും ആരംഭിച്ചു. കാല്‍നടയായി ലഗേജും ചുമന്ന് ദിവസവും ഞങ്ങള്‍ മുപ്പതും മുപ്പത്തഞ്ചും കിലോമീറ്റര്‍ വരെ നടക്കും. നാലു ദിവസത്തെ യാത്രയാണ് നിശ്ചയിച്ചിരുന്നത്.
ഓരോ ദിവസവും നേരം പുലര്‍ന്നയുടന്‍ നടത്തം ആരംഭിച്ച് സന്ധ്യയായാല്‍ ടെന്റടിച്ച് അന്തിയുറങ്ങും. വന്യജീവികളെ ഭയന്ന് ടെന്റിന്റെ ഇരുവശവും തീയിടും. രാത്രി ടെന്റുകളില്‍ എല്ലാവര്‍ക്കും നിര്‍ഭയമായി ഉറങ്ങാന്‍ രണ്ടുപേര്‍ മാറി മാറി കാവലിരിക്കും. ആട്ടവും പാട്ടും തമാശപറച്ചിലുമായി രാവ് പകലാക്കാന്‍ ഞങ്ങളോടൊപ്പം ആദിവാസി പയ്യന്‍മാരുമുണ്ടായിരുന്നു.
രണ്ടുദിവസം കൊണ്ട് അട്ടപ്പാടിയിലെ ധാരാളം ആദിവാസി ഊരുകളും ഏറ്റവും ഉയരം കൂടിയ മല്ലീശ്വരമുടിയും കണ്ടു. എല്ലാവരുടെയും കയ്യില്‍ ക്യാമറയും ബൈനോക്കുലറും ഉണ്ട്. വഴിയില്‍ ഇടയ്ക്കിടെ ആനപിണ്ടം കാണുന്നതിനാല്‍ പേടിച്ചാണ് ഞങ്ങളുടെ ഓരോ ചലനങ്ങളും. പക്ഷേ, കാട്ടിലെ ആനയേക്കാളും പുലിയേക്കാളും ഞങ്ങള്‍ക്ക് വിനയായത് മനുഷ്യര്‍ തന്നെ. നടന്ന് നടന്ന് ഞങ്ങള്‍ എത്തിപ്പെട്ടത് ഒരു കഞ്ചാവ്‌തോട്ടത്തിലാണ്. അത്യാധുനിക ആയുധങ്ങളോടെ കാവലിരിക്കുന്ന കഞ്ചാവ് മാഫിയക്കാര്‍ ആരേയും കൊല്ലാനും മടിക്കില്ല. കഞ്ചാവുകാരെ പിടികൂടലും വനസമ്പത്ത് കൊള്ളയടിക്കലും ഞങ്ങളുടെ ലക്ഷ്യമല്ലാത്തതിനാല്‍ വഴിമാറി സഞ്ചരിച്ചു. പക്ഷേ ഈ ഗതിമാററം വന്‍ ആപത്തിലേക്കാണ് ഞങ്ങളെ എത്തിച്ചത്. മനുഷ്യന്റെ പാദസ്പര്‍ശമേല്‍ക്കാത്ത കൊടുംവനത്തിന്റെ ഉള്‍പ്രദേശത്താണ് ചെന്നുപെട്ടത്. തേന്‍ ശേഖരിക്കാനോ വിറകിനോ ആദിവാസികള്‍ പോലും ഇവിടേയ്ക്ക് വന്നിട്ടില്ലെന്ന് ഉറപ്പ്. കാരണം ആരും നടന്നുപോയതിന്റെ ഒരു ലക്ഷണവും എവിടെയുമില്ല. വഴി വെട്ടിതെളിച്ച് വേണം ഞങ്ങള്‍ക്ക് മുന്നോട്ട് നീങ്ങാന്‍. ഇരുട്ട് കൂടി കൂടി വന്നു. സാധാരണഗതിയില്‍ ജലലഭ്യത ഉറപ്പാക്കാന്‍ പുഴയുടെയോ നീര്‍ച്ചാലുകളുടെയോ തീരത്താണ് തമ്പടിക്കാറുള്ളത്. ഇരുട്ടില്‍ കൊടും വനത്തില്‍ എവിടെ വെള്ളം അന്യേഷിക്കാന്‍? തയ്യാറാക്കികൊണ്ടുവന്ന ഭക്ഷണവും തീര്‍ന്നു. പുതുതായി എന്തെങ്കിലും പാചകം ചെയ്യണമെങ്കില്‍ വിറകില്ല, വെള്ളമില്ല. സ്വസ്ഥമായി കിടന്നുറങ്ങാന്‍ തീരുമാനിച്ചു. ഉറക്കത്തിനിടയ്ക്ക് ആരെങ്കിലും തെന്നിവീണാല്‍ അതും അപകടം. അവസാനം നാലു ഭാഗത്തും കുറ്റിയടിച്ച് കയര്‍ കൊണ്ട് ബന്ധിച്ചു. ആ ചതുരക്കളത്തില്‍ ഇരുന്ന് വര്‍ത്തമാനം പറഞ്ഞ് നേരം കളഞ്ഞു.
ഞങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലെത്തേണ്ട ദിവസം കഴിഞ്ഞിരുന്നു. ഇരുപത് പേരും സംസ്ഥാനത്തിന്റെ നാനാദിക്കിലുള്ളവര്‍. ഓരോ വീട്ടിലും ആധി പെരുകിയിട്ടുണ്ടാവും. മൈാബൈല്‍ ഫോണ്‍ കൈവശമുണ്ടെങ്കിലും റേഞ്ച് കിട്ടുന്നില്ല. മഞ്ഞുവീഴ്ച അസഹ്യമായപ്പോള്‍ ടെന്റ് കെട്ടാറുള്ള ടാര്‍പ്പായ ഞങ്ങള്‍ മേല്‍ക്കൂരയാക്കി. കുടിക്കാന്‍ ഒരിറ്റു വെള്ളമില്ലാതെ വലഞ്ഞപ്പോള്‍ പലരും ടാര്‍പ്പായയിലെ മഞ്ഞുതുള്ളികള്‍ നക്കികുടിച്ചു.
നേരം പുലര്‍ന്നു. സൂര്യന്‍ ഉദിച്ചുയരുന്നത് മലമുകളില്‍ നിന്ന് കാണുമ്പോള്‍ രസകരമാണെങ്കിലും ഞങ്ങള്‍ക്കത് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. തളര്‍ന്നവശരായ ഞങ്ങള്‍ ഒരു നീര്‍ച്ചാല്‍ തേടി, മനുഷ്യവാസമുള്ള ഒരിടം കൊതിച്ച് നടത്തം തുടര്‍ന്നു. നേരം ഉച്ച കഴിഞ്ഞസമയത്ത് വളരെ അകലെയായി ഒരു കെട്ടിടം കണ്ടു. എല്ലാവരുടെയും മനസ്സിലും ആശ്വാസത്തിന്റെ മിന്നലാട്ടം. ആ കെട്ടിടം ലക്ഷ്യമാക്കി നടന്നു. അവിടെയെത്തിയപ്പോഴാണ് മനസ്സിലായത് ഞങ്ങളിന്നലെ കഴിഞ്ഞതും ഇപ്പോള്‍ നില്‍ക്കുന്നതും തമിഴ്‌നാട്ടിലാണ്. തായ്‌ശോലൈ, മഞ്ചൂര്‍ എന്നീ വനമേഖലയിലെ തേയിലക്കാടുകള്‍ ആസ്വദിച്ച് വീണ്ടും മുപ്പത്തഞ്ച് കിലോമീറ്ററുകള്‍ നടന്നപ്പോഴാണ് ഒരു വാഹനം കാണാന്‍ കഴിഞ്ഞത്. ഊട്ടിയിലേക്കിനി 13 കിലോമീറ്റര്‍ മാത്രം. കൊടും തണുപ്പ്. തേയിലത്തോട്ടത്തിലേക്ക് വന്ന ലോറിയില്‍ അതിര്‍ത്തികള്‍ കടന്ന് യാത്രയാരംഭിച്ച് മുക്കാലിയില്‍ തിരിച്ചെത്തി. കാലുനീര് വന്ന് വീര്‍ത്തെങ്കിലും കാട്ടിന്റെ ഭയാനകതകളില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷമായിരുന്നു എല്ലാവര്‍ക്കും. മരണമുഖത്തുനിന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാവര്‍ക്കും ഒരേ സ്വരം 'ദൈവത്തിനു സ്തുതി'.
കെ എ അബ്ദുള്‍സമദ്, മേലേമഠം, കല്ലടിക്കോട്
Subscribe to:
Post Comments (Atom)
No comments:
Post a Comment